Posted on: 12 Mar 2011 @ Mathrubhumi
കൊച്ചി: രാജ്യങ്ങളുടെ ഭാവി നിയമം കൈകാര്യം ചെയ്യുന്നവരുടെ കൈകളിലാണെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ പറഞ്ഞു. ലോക ചരിത്രത്തില്‍ നാളിതുവരെ നടന്ന മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ നിയമത്തില്‍ അവഗാഹമുള്ളവരും പുതിയ ചിന്തകള്‍ക്ക് വഴിതെളിച്ചവരുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എറണാകുളം ഗവ. ലോ കോളേജില്‍ അഡ്വ. ടി.എസ്. വെങ്കിടേശ്വര അയ്യര്‍ എവര്‍ റോളിങ് ട്രോഫിക്ക് വേണ്ടി യുള്ള 14-ാമത് അഖിലേന്ത്യാ മൂട്ട് കോര്‍ട്ട് മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നിയമാവബോധം താഴെത്തട്ടിലെ വിദ്യാഭ്യാസം മുതല്‍ സൃഷ്ടിക്കപ്പെടേണ്ടതും വ്യക്തിയുടെ സ്വഭാവത്തിന്റെ ഭാഗമായിത്തീരേണ്ടതുമാണ്. ഭരണഘടനാ മൂല്യങ്ങളോടുള്ള പ്രതിപത്തി ഏതു മേഖലയിലായിരുന്നാലും നിയമ വിദ്യാര്‍ത്ഥികള്‍ മുറുകെ പിടിക്കണം. കോര്‍പ്പറേറ്റ് ലോകത്തും ഇത് പ്രായോഗികമാക്കാനാവുമെന്നും ജസ്റ്റിസ് പറഞ്ഞു.
അവകാശങ്ങള്‍ കേവലം വ്യക്തിയുടേതല്ലെന്നും സമൂഹത്തിന്റെതാണന്നുമുള്ള തിരിച്ചറിവാണ് പ്രധാനം. മനുഷ്യാവകാശമായാലും പാരിസ്ഥിതിക പ്രശ്‌നങ്ങളായാലും വിലയിരുത്തപ്പെടേണ്ടത് സമൂഹികാധിഷ്ഠതമായ കാഴ്ചപ്പാടോടുകൂടിയാണ്. ഇത്തരം അവകാശങ്ങള്‍ ഇന്നത്തെ സമൂഹത്തിന് മാത്രമല്ല വരുംതലമുറക്കുകൂടി വേണ്ടിയുള്ളതാണ്. ഇതില്‍ പരാജയം സംഭവിക്കുമ്പോഴാണ് കോടതികള്‍ ഇടപെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ നിയമത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിക്ക് കൊല്ലം അഡ്വ. എന്‍. രാജഗോപാലന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ജസ്റ്റിസ് എച്ച്.ആര്‍. ഖന്ന സ്മാരക സ്‌കോളര്‍ഷിപ്പ് എറണാകുളം ലോ കോളേജിലെ ഗായത്രി ഡി. നായികിന് ജസ്റ്റിസ് രാധാകൃഷ്ണന്‍ സമ്മാനിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജി. രാജശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ സെഷന്‍സ് ജഡ്ജി ബി. കമാല്‍ പാഷ, ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. കെ.എന്‍. ചന്ദ്രശേഖരന്‍പിള്ള, എറണാകുളം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ് മെര്‍ലോ പള്ളത്ത്, പ്രൊഫ. എ. സത്യശീലന്‍, അഡ്വ. ബി.എസ്. സുരേഷ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ലിജിന്‍ തമ്പാന്‍, സ്റ്റുഡന്റ് കണ്‍വീനര്‍ അവല്‍കാഷ, എസ്.എസ്. ഗിരിശങ്കര്‍, ഡോ. ബിന്ദു നമ്പ്യാര്‍, മായിന്‍ അബൂബക്കര്‍, രാജേഷ് രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
മൂന്ന് ദിവസമായി നടക്കുന്ന മൂട്ട് കോര്‍ട്ട് മത്സരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിയമ കലാലയങ്ങളെ പ്രതിനിധീകരിച്ച് 21 ടീമുകളാണ് പങ്കെടുക്കുന്നത്. ഞായറാഴ്ചയാണ് ഫൈനല്‍. വൈകീട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്യും.
No comments:
Post a Comment