Facebook

Mar 14, 2011

അഖിലേന്ത്യാ മൂട്ട്‌കോര്‍ട്ട് മത്സരം: പുണെ ഐഎല്‍എസ് ലോ കോളേജ് ജേതാക്കള്‍



Posted on: 14 Mar 2011 @ Mathrubhumi

കൊച്ചി: അഡ്വ. ടി.എസ്. വെങ്കിടേശ്വര അയ്യര്‍ സ്മാരക എവര്‍റോളിങ് ട്രോഫിയ്ക്കുവേണ്ടിയുള്ള 14-ാമത് അഖിലേന്ത്യാ മൂട്ട്‌കോര്‍ട്ട് മത്സരത്തില്‍ പൂണെ ഇന്ത്യന്‍ ലോ സൊസൈറ്റി (ഐഎല്‍എസ്) ലോ കോളേജ് ചാമ്പ്യന്മാരായി. കോഴിക്കോട് ഗവ. ലോ കോളേജിനാണ് രണ്ടാംസ്ഥാനം. എറണാകുളം ഗവണ്‍മെന്റ് ലോ കോളേജില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 21 നിയമകലാലയങ്ങളിലെ വിദ്യാര്‍ഥികളാണ് മാറ്റുരച്ചത്.

ബെസ്റ്റ് മെമ്മോറിയല്‍ പുരസ്‌കാരവും പുണെ ഐഎല്‍എസ് ലോകോളേജ് സ്വന്തമാക്കി. തിരുവനന്തപുരം ലോകോളേജ് സെക്കന്‍ഡ് ബെസ്റ്റ് മെമ്മോറിയല്‍ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടു. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍സ്റ്റഡീസിലെ (നുവാല്‍സ്) റാണി ചാക്കോ മികച്ച ഗവേഷകയ്ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായി. ഞായറാഴ്ച നടന്ന ഫൈനല്‍ മത്സരത്തില്‍ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് സുരേന്ദ്രമോഹന്‍, ജസ്റ്റിസ് സി.കെ.അബ്ദുള്‍ റഹിം, ജസ്റ്റിസ് സി.ടി. രവികുമാര്‍ എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍.


വൈകിട്ട് നടന്ന സമാപന സമ്മേളനം ജസ്റ്റിസ് കെ.സുരേന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. നിയമവാഴ്ച നിലനിര്‍ത്തുന്നതിലും സമൂഹത്തിന്റെ താഴേത്തലങ്ങളിലേക്ക് നിയമസഹായമെത്തിക്കുന്നതിലും അഭിഭാഷകരുടെ പങ്ക് നിയമവിദ്യാര്‍ഥികള്‍ തിരിച്ചറിയണം.

രാഷ്ട്രീയമടക്കമുള്ള മേഖലകളില്‍ കൂടുതല്‍ അന്തസ്സോടെ പെരുമാറാന്‍ നിയമം പഠിച്ചവര്‍ക്ക് കഴിയണമെന്നും ജസ്റ്റിസ് കെ.സുരേന്ദ്രമോഹന്‍ കൂട്ടിച്ചേര്‍ത്തു. പ്രിന്‍സിപ്പല്‍ ഡോ.ജി.രാജശേഖരന്‍ നായര്‍ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. ജസ്റ്റിസ് സി.കെ.അബ്ദുള്‍ റഹിം, ജസ്റ്റിസ് സി.ടി.രവികുമാര്‍, കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. തോമസ് എബ്രഹാം, ലോകോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. കെ.വി.നാരായണിക്കുട്ടി, കെ.ജനാര്‍ദനഷേണായി, ഡോ.വി.ആര്‍.ജയദേവന്‍, രാജേഷ് രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment